എന്നിട്ടും ഉള്ളൊഴുകാതെ പോയ തുള്ളികൾ
Posted on
ആകാശം പെയ്തൊഴിയുകയാണ്. ഇടതടവില്ലാത്ത മഴയിൽ തോടും തൊടിയും നിറഞ്ഞു വെള്ളം വീടു കയറി. അകത്തളങ്ങളിലും ഇപ്പോൾ വെള്ളക്കെട്ടാണ്. ഒഴുകാൻ പുറമില്ലാത്ത വെള്ളം അകങ്ങങ്ങളിൽ നിന്ന് അകങ്ങളിലേക്ക് ഒഴുകി ചുവരിൽ തട്ടി വിങ്ങി. വെള്ളത്തിൽ ഒഴുകി നടക്കുന്ന മനുഷ്യരും പെയ്യാനും ഒഴുകുവാനും കഴിയാതെ വീടിന്റെയും നാടിന്റെയും മതിലുകളിലും ചുവരുകളിലും തട്ടിനിന്നു.
പെയ്യാതെ മേഘങ്ങൾ എന്റെ ഉള്ളിലും ഉരുണ്ടുകൂടുകയാണ്. ഹൃദയം അഞ്ജുവിനെയും രാജീവിനെയും തോമസ് കുട്ടിയെയും പേറി, എടുത്താൽ പൊങ്ങാത്ത ഭാരത്തോടെ സിനിമയിലേക് ഇറങ്ങി നടക്കുന്നു...
അഞ്ജു

നിങ്ങൾക്ക് ആരാടാണ് സ്നേഹം?
നിങ്ങളോട് തന്നെയോ?
അതോ കുടുംബത്തിന്റെ സൽപ്പേരിനോടോ?
നിങ്ങൾ നിങ്ങളെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് വേണ്ടി ജീവിക്കാൻ തുടങ്ങുമ്പോൾ പിഴച്ചവളും വ്യഭിചാരിയും നാടിനു കൊള്ളാത്തവളുമായി മാറുന്നു
നിങ്ങൾ കുടുംബത്തിന്റെ സൽപേരിനുവേണ്ടി വേണ്ടി ജീവിക്കുമ്പോൾ ജീവിക്കുവാൻ മറന്നാലും നിങ്ങൾ ചുറ്റുപാടുകളുടെ പ്രീതി പിടിച്ചുപറ്റാൻ പറ്റുന്നു
മകളുടെ നല്ല ഭാവിക്കു വേണ്ടിയുള്ള അച്ഛനമ്മമാരുടെ വ്യഗ്രതയിൽൽപ്പെട്ട് (മരുമകന് ക്യാൻസർ ആണെന്ന് അറിഞ്ഞിട്ടുപോലും) ഇഷ്ടപ്പെടാത്ത ഒരാളോടൊപ്പം ഉള്ള ജീവിതം ആരംഭിച്ച അഞ്ജു, കുടുംബത്തെയും രോഗബാധിതനായ ഭർത്താവിനെയും പരിചരിച്ചുള്ള മുന്നോട്ടുപോക്കിൽ പ്രതീക്ഷയുടെ ഒരു തരി എവിടെയോ ബാക്കി വെക്കുന്നു
നഷ്ടപ്പെട്ട സ്നേഹത്തിന്റെ ചേർത്തുനിർത്തലുകളുടെ തലോടലിന്റെ രതിസുഖങ്ങളുടെ നിഷേധങ്ങളെ പൊരുതി തോൽപ്പിച്ച അഞ്ജു കണ്ടെത്തുന്ന ആശ്വാസങ്ങൾക്കിടയിൽ ഭർത്താവിന്റെ മരണവും കാമുകനാൽ ഗർഭിണിയാണെന്ന് തിരിച്ചറിവുകളുടെ പിരിമുറുക്കവും ഒരു പതിഞ്ഞ ഒപ്പിസിന്റെ ഈണത്തിൽ തുടങ്ങി ചെവി തുളയ്ക്കുന്ന ഉള്ളു വിങ്ങുന്ന ഒരു മുഴക്കമായി നമ്മുടെ ഉള്ളിലുംവന്നു നിറയുന്നു.
ജീവിതം കൊണ്ട് എത്തിച്ച നിസ്സഹായതയിലും തിരിച്ചറിവുകളുടെ ഉള്ളൊഴുക്ക് അഞ്ജുവിനെ ആൾക്കൂട്ടത്തിൽ നിന്ന് മാറ്റിനിർത്തുന്നു. പലപ്പോഴും നിർവികാരമായ മുഖത്തോടെ കാണേണ്ടി വരുന്നു.
ഈ തിരിച്ചറിവുകൾ ജീവിതമേറെ കണ്ടെന്ന് മേനി നടിക്കുന്നവരെ പോലും മാറ്റുവാൻ ഉതകുന്നതാണ്. കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ടു വ്യക്തികളെ മാറ്റിനിർത്തി പരിഹാരം കാണുന്ന (പള്ളിയും പാർട്ടിയും പോലുള്ള) സാമൂഹ്യ ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് തിരുത്തുവാൻ കഴിയുന്നതിനും അപ്പുറമാണത്. ഈ തിരിച്ചറിവുകളിൽ നിന്നാണ് അഞ്ജു ലീലാമയ്ക്ക് ഉള്ളിൽ അടച്ചിട്ട കണ്ണുകളെ തുറക്കുവാൻ പാകത്തിന് സ്നേഹത്തിന്റെ ആദ്യപാഠം പഠിപ്പിച്ചു കൊടുക്കുന്നത്.
ലീലാമ്മ
നുണകളുടെയും കെട്ടുകഥകളുടെയും ബലത്തിൽ ആത്മാഭിമാനത്തിനുവേണ്ടി കെട്ടിപ്പൊക്കുന്ന കുടുംബ സങ്കല്പത്തിന്റെ വൃത്തികേടുകളിൽ സ്നേഹമില്ലായ്മയുടെ തുറസില്‍ കുടുംബാധികാര വ്യവസ്ഥയ്ക്ക് കീഴിൽ ജീവിക്കുമ്പോഴും വീടിന്റെ സൽപേര് കാക്കുവാൻ വെമ്പുന്ന വീട്ടമ്മമാരുടെ സഹനശ്രമങ്ങളുടെ പ്രതിനിധിയാണ് ലീലാമ്മ.
നിഷേധിക്കപ്പെട്ടുപോയ സ്നേഹത്തിന് ആഗ്രഹിച്ച സന്തോഷങ്ങൾക്കു വേണ്ടി അവർ കെട്ടുകഥകൾ മെനയുന്നു മോഹങ്ങളും മോഹഭംഗങ്ങളും അവർ കുടുംബത്തിന്റെ സൽപേരിനോട് ചേർത്തുവച്ച് ആശ്വാസം കണ്ടെത്തുന്നു.
ആദ്യം ഭർത്താവിനു വേണ്ടിയും പിന്നെ മകൾക്കും മകനും വേണ്ടിയും ജീവിച്ചു ജീവിച്ച് തനിക്കുവേണ്ടി ജീവിക്കാൻ മറന്നെന്ന് ലിലമ്മ തിരിച്ചറിയുവാൻ അഞ്ജു ജീവിച്ചു, പറഞ്ഞു കാണിക്കും വരെ കാത്തിരിക്കേണ്ടി വരുന്നു.
രാജീവ്
കഥ പറഞ്ഞു തുടങ്ങുമ്പോൾ സിനിമ സ്ഥിരമായി കൈകാര്യം ചെയ്യാറുള്ള ഒരു ചതിയൻ കാമുകന്റെ ശരീരഭാഷയായിരുന്നു അയാൾക്ക്. രണ്ടാമത് അയാൾ സ്ക്രീനിൽ എത്തുമ്പോഴും അഞ്ജുവിന്റെ മരുന്നിന്റെ ബില്ല് നൽകി ഇടയ്ക്ക് ഞാൻ വിളിച്ചോട്ടെ എന്ന് ചോദിക്കുമ്പോഴും ഇര പിടിക്കുവാനുള്ള വലയൊരുക്കും പോലൊരു അനുഭവമാണ് ഉണ്ടായത്.
പിന്നീടങ്ങോട്ട് രാജീവ് എന്തൊരു മനോഹരമായ മനുഷ്യനായാണ് നിങ്ങൾ ജീവിച്ചത്, അമ്മയോടൊപ്പം ഉള്ള വീടിനെ കുറിച്ചുള്ള തന്റെ സ്വപ്നത്തിൽ അഞ്ജുവിന്റെ ഇടത്തെ കുറിച്ചുള്ള ചോദ്യത്തിന് 'നീയില്ലാതെ അത് എങ്ങനെയാണ് ഒരു വീട് ആവുക' എന്ന ഡയലോഗിൽ തുടങ്ങി പിന്നീടങ്ങോട്ടുള്ള ഓരോ രംഗങ്ങളിലും നിങ്ങൾ ഒരു മനുഷ്യനായി അങ്ങനെ നിറഞ്ഞു നിൽക്കുകയായിരുന്നു. ഗതികേടുകൾക്കിടയിലും കുറ്റപ്പെടുത്താതെ പൊട്ടിത്തെറിക്കാതെ പാഴ് ഉപദേശങ്ങളെ തള്ളി അഞ്ജുവിനെയും അവളെത്തിചേർന്ന അവസ്ഥകളെയും തന്റെ ഗതികേടുകളെയും ഓർത്ത് വിങ്ങി ഉള്ള ജോലിയിൽ പോലും ശ്രദ്ധിക്കാനാവാതെയുള്ള മുന്നോട്ടുപോക്കുകളിൽ പോലും
അഞ്ജുവിനെ വിളിച്ചിട്ട്, ഫോൺ എടുക്കാതിരിക്കുമ്പോൾ വരുംവരായികളെ കുറിച്ച് ഓർക്കാതെ ലീലാമ്മയുടെ വീട്ടിലേക്ക് അയാൾ അവളെയും തേടി പോകുന്നു. അവിടെവച്ച് അഞ്ജുവിന്റെ ഗതികേടുകളിൽ വേദനിച്ച് അന്ന് നീ ഇറങ്ങി വന്നപ്പോൾ നമുക്ക് എങ്ങോട്ടെങ്കിലും പോയി ഒന്നിച്ച് ജീവിക്കാമായിരുന്നു എന്ന് പറയുന്നു...
തോമസുകുട്ടിയും കന്യാസ്ത്രീ ആന്റിയും
ചെറുതെങ്കിലും ഉള്ളുകയറി നിറഞ്ഞ രണ്ടുപേർ! തോമസുകുട്ടീ, എന്തൊരു ശവമാടോ നിങ്ങൾ!!
ആന്റി ക്ലൈമാക്സ്
മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. മനുഷ്യരേക്ക് പ്രകാശത്തിന്റെ ചെറു കിരണങ്ങൾ വിടർത്തി ആകാശത്ത് സൂര്യൻ വന്നു ചിരിച്ചു കാട്ടി. ഇനി ബാക്കി പെയ്യ്തു തീർന്ന വെള്ളത്തിന്റെ ഒഴുകി പോകലുകൾ മാത്രമാണ്...
യാത്ര പറഞ്ഞും പറയാതെയും അഞ്ജു വികാരവായിപ്പുകളോട് വീട്ടിൽ നിന്നിറങ്ങുന്നു. തെറ്റുകൾ ഏറ്റുപറഞ്ഞും തെറ്റുകൾക്കും മാപ്പ് കൊടുത്തും തോമസുകുട്ടിക്ക് ജീവിതത്തിൽ നൽകിയതിൽ വച്ച് ഏറ്റവും ആഴത്തിലുള്ള അന്ത്യചുംബനം നൽകി അഞ്ജു ഇറങ്ങാൻ തുടങ്ങുവേ രാജീവ് സിനിമയുടെ ആദ്യഭാഗങ്ങളിൽ കാണിച്ച കാമുകന്റെ ശരീരഭാഷയിലേക്ക് തിരിച്ചെത്തുന്നു. സിനിമ അവസാനിപ്പിക്കുവാനുള്ള വ്യഗ്രതയിലോ അഞ്ജുവിനെ ലീലാമ്മയോടൊപ്പം പറഞ്ഞയക്കുവാനുള്ള മുൻവിധിയിലോ തട്ടി നമ്മൾ അതുവരെ കണ്ടു പരിചരിച്ച രാജീവിൽ നിന്ന് വ്യത്യസ്തമായി മലയാള സിനിമ കൊണ്ടാടുന്ന, സ്ഥിരമായി കണ്ടുവരുന്ന, ആൺപാത്രങ്ങളിലേക്ക് അയാൾ ചെന്ന് പതിക്കുന്നു. അയാൾ കിടക്ക പങ്കിട്ട കണക്കു പറഞ്ഞും സ്വത്തു വിവരങ്ങളുടെ അവകാശം ആരാഞ്ഞും സ്വയം പരിഹാസനാകുന്നു. സിനിമ,അത് മുന്നോട്ടുവെച്ച ആധുനിക മൂല്യങ്ങളെയും, അഞ്ജു ചുറ്റുപാടുകളിൽ നിന്ന് ആർജിച്ചെടുത്ത സ്നേഹത്തിന്റെ പാഠങ്ങളെയും റദ്ദ് ചെയ്യുകയും ചെയ്യുന്നു.

ജാതി മത സാമൂഹിക പാരമ്പര്യ ബോധങ്ങളെ പോരാടി തോൽപ്പിച്ച് ഒന്നിച്ച് ജീവിക്കുന്ന ആയിരം മനുഷ്യരെ ഒറ്റയടിക്ക് കൊഞ്ഞനം കുത്തി അഞ്ജുവിനെ ലിലാമയോടൊപ്പം പറഞ്ഞയക്കുമ്പോൾ സംവിധായകൻ, അലൻസിയറിന്റെ മുഖത്ത് വിരിച്ച ആത്മാഭിമാനത്തിന്റെ ചിരിയിൽ, വീണുപോയെന്നു കരുതിയ അന്തസ്സും സൽപേരും കുടുംബ മഹിമയും കുടുംബ വ്യവസ്ഥയുടെ കെട്ടുറപ്പും ഒന്നിച്ചു വന്നു പൂത്തുലയുന്നു.
അതെ ഉള്ളൊഴുക്ക് പെയ്തിട്ടു മാത്രമേയുള്ളൂ ഒഴുകിയിട്ടില്ല....
Guest column by Akhil Krishnan